മൂന്നാർ സര്‍ക്കാര്‍ കോളേജ് കെട്ടിടത്തിലെ ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും സംരക്ഷിക്കും; എ രാജ എം എല്‍ എ

മൂന്നാര്‍: മൂന്നാറില്‍ പഴയ സര്‍ക്കാര്‍ കോളേജ് കെട്ടിടത്തില്‍ കിടക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എ രാജ എം എല്‍ എ പറഞ്ഞു. ഫര്‍ണ്ണിച്ചറുകള്‍ പരിപാലനമില്ലാതെ നശിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടായിരത്തി പതിനെട്ടിലുണ്ടായ പ്രളയത്തിലാണ് മൂന്നാര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടം തകരുന്നത്. പിന്നീട് കെട്ടിടത്തില്‍ നിന്നും കോളേജിന്റെ പ്രവര്‍ത്തനം മാറ്റി.
എന്നാല്‍ ഒരു കേടുപാടും സംഭവിക്കാത്ത കോളേജിലെ മേശയും കസേരയും മറ്റ് അനുബന്ധ ഉപകരണങ്ങളും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഇതിന് ശേഷം ഇവ അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പരിപാലനമില്ലാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും നശിക്കുന്ന സാഹചര്യത്തിലാണ് അവ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ. എ രാജ എം എല്‍ എ പറഞ്ഞത്.
രണ്ട് നില കെട്ടിടത്തിലാണ് ഫര്‍ണ്ണിച്ചറുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഫര്‍ണ്ണിച്ചറുകള്‍ ഇത്തരത്തില്‍ പരിപാലനമില്ലാതെ കിടക്കുന്നു. കെട്ടിടത്തില്‍ നിന്നും പല ഉപകരണങ്ങളും മോഷ്ടാക്കള്‍ അപഹരിച്ച് കടത്തിയിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഫര്‍ണ്ണിച്ചറുകള്‍ പരിപാലനമില്ലാതെ നശിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വിഷയത്തില്‍ എം എല്‍ എയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.