
അടിമാലി: അടിമാലിയില്‍ നിലനില്‍ക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം. അടിമാലി ടൗണില്‍ മുദ്രപത്ര ലഭ്യത ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. അടിമാലിയുടെ സമീപ മേഖലകളിലെ ആളുകള്‍ അടിമാലിയില്‍ എത്തിയായിരുന്നു മുദ്രപത്രങ്ങള്‍ വാങ്ങിയിരുന്നത്. മുദ്രപത്രം അടിമാലിയില്‍ ലഭിക്കാതായതോടെ ഇവരൊക്കെയും പ്രതിസന്ധിയിലായി.
നിലവില്‍ മുദ്രപത്ര വില്‍പ്പന നടത്തുവാന്‍ വേണ്ടുന്ന ലൈസന്‍സി അടിമാലിയില്‍ ഇല്ലെന്നും ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുവെന്നും റിയല്‍ എസ്‌റ്റേറ്റ് ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അടിമാലിയില്‍ പറഞ്ഞു. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്തിലും വില്ലേജിലുമായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്ക ലഭ്യമാക്കാന്‍ മുദ്രപത്രം ആളുകള്‍ക്കാവശ്യമുണ്ട്. ഭവനനിര്‍മാണ പദ്ധതികള്‍, സര്‍ക്കാര്‍ പ്രവൃത്തികള്‍ എടുക്കുന്നതിന് കരാര്‍ ഉണ്ടാക്കല്‍ എന്നിവക്കും മുദ്രപത്രം ആവശ്യമായി വരുന്നു.
സ്ഥലം ആധാരം ചെയ്യുന്നതിനും മറ്റ് കരാറുകള്‍ എഴുതുന്നതിനും മുദ്രപത്രത്തിന്റെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ആളുകള്‍ അടിമാലിയുടെ സമീപ പട്ടണങ്ങളെയാണ് മുദ്രപത്രം വാങ്ങുവാന്‍ ആശ്രയിക്കുന്നത്. ഇത് ആളുകള്‍ക്ക് അധിക സാമ്പത്തിക ചിലവിന് ഇടവരുത്തുന്നു. കൃത്യ സമയത്ത് മുദ്രപത്രം ലഭ്യമാകുന്നതിനും ഇത് വിലങ്ങുതടിയാണ്. ഇത്രയേറെ ആളുകള്‍ താമസിക്കുന്ന അടിമാലി മേഖലയില്‍ മുദ്രപത്ര ലഭ്യത സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.