പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ നിത്യ ശാന്തിക്കായ് സര്‍വ്വ മത പ്രാര്‍ത്ഥന നടത്തി

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ നിത്യ ശാന്തിക്കായ് സര്‍വ്വ മത പ്രാര്‍ത്ഥന നടത്തി.പെട്ടിമുടിയില്‍ ദുരന്തം കവര്‍ന്നെടുത്ത മനുഷ്യ ജീവനുകളുടെ ഓര്‍മ്മകള്‍ക്ക് 5 വയസ്സ് തികഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ നിത്യ ശാന്തിക്കായ് ഇത്തവണയും സര്‍വ്വ മത പ്രാര്‍ത്ഥന നടന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിടത്താണ് സര്‍വ്വ മത പ്രാര്‍ത്ഥന നടന്നത്.
കെ ഡി എച്ച് പി കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്.ഉറ്റവരുടെ നിത്യ ശാന്തിക്കായ് പ്രാര്‍ത്ഥിക്കാന്‍ മുറിവുണങ്ങാത്ത മനസ്സുമായി ബന്ധുക്കളും കല്ലറകളില്‍ എത്തി. മരിച്ചവരെ സംസ്‌ക്കരിച്ചിടത്ത് കമ്പനി കല്ലറകള്‍ പണികഴിപ്പിച്ച് അടക്കംചെയ്യപ്പെട്ടവരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. മത പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു.
കെ ഡി എച്ച് പി മാനേജിംഗ് ഡയറക്ടര്‍ കെ മാത്യു എബ്രഹാം, മോഹന്‍ സി വര്‍ഗ്ഗീസ്, ബി പി കരീപ്പ, വൈസ് പ്രസിഡന്റ് ഗില്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി. ദുരന്തം നടന്ന് 5 വര്‍ഷം പിന്നിടുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കവിളുകളിലെ കണ്ണുനീര്‍ച്ചാല്‍ ഉണങ്ങിയിട്ടില്ല.