മാങ്കുളം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ഉപജീവനമാര്‍ഗം അടഞ്ഞ് പ്രതിസന്ധിയിലായിരിക്കുകയാണ് മാങ്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസക്കാരിയായ വിജയമ്മ. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കുവൈറ്റ് സിറ്റിക്ക് മുകള്‍ ഭാഗത്ത് താമസിക്കുന്ന വിജയമ്മയുടേതടക്കം പലരുടെയും കൃഷികള്‍ പിഴുതെറിയുകയാണ്.
തെങ്ങ്, കമുങ്ങ്, വാഴ, ജാതി തുടങ്ങി എല്ലാ കൃഷികളും കാട്ടാനകള്‍ നശിപ്പിച്ചു. എന്നാല്‍, ഇവയെ തുരത്താന്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കാട്ടാനകള്‍ ഇറങ്ങി പുരയിടത്തിലെ ഉപജീവന മാര്‍ഗ്ഗമെല്ലാം നശിപ്പിച്ചതിനാല്‍ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 96ല്‍ ഉള്‍പ്പെടെ മാങ്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി കാട്ടാനശല്യം തുടരുകയാണ്.
ഇതോടെ കൃഷിയിടങ്ങള്‍ പലതും തരിശായി. വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. കാട്ടാന ശല്യം പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.