കൊന്നത്തടി പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പണികള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്നാക്ഷേപം

അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പണികള്‍ക്ക് വേണ്ടത്ര ഗുണമേന്മ പാലിക്കാതെയാണ് മുമ്പോട്ട് പോകുന്നതെന്ന് ആരോപണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിട്ടാണ് ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. റോഡിന്റെ വശങ്ങളില്‍ കൂടി മണ്ണ് നീക്കി പൈപ്പുകള്‍ സ്ഥാപിച്ചാല്‍ ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഗുണമേന്മയില്ലാത്തതെന്നാണ് ആക്ഷേപം.
പൈപ്പുകള്‍ സ്ഥാപിക്കാന്‍ എടുക്കേണ്ടുന്ന കുഴിയുടെ ആഴത്തിലും ഈ ഭാഗം ഉറപ്പിക്കാന്‍ ചെയ്യുന്ന കോണ്‍ക്രീറ്റിന്റെ അളവിലും ആക്ഷേപം ഉയരുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം കൃത്യമായി ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. പഞ്ചായത്ത് പരിധിയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് ഇറക്കിയ കമ്പിളികണ്ടത്തെ മിനി സ്റ്റേഡിയം ചെളികുണ്ടായി മാറിയ സ്ഥിതിയുമുണ്ട്.