HealthKeralaLatest NewsLocal news

ഉടുമ്പന്‍ചോലയില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ്: 2.20 കോടിയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്  സര്‍ക്കാര്‍ ഉത്തരവ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക. ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഫര്‍ണിച്ചറിന് 29.01 ലക്ഷം രൂപയും, കമ്പ്യൂട്ടര്‍, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും 64.54 ലക്ഷം രൂപയും, കണ്‍സ്യൂമബിള്‍സ്, കെമിക്കല്‍സ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ്  മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രായോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നെടുങ്കണ്ടത്ത്  വെള്ളിയാഴ്ച (8 )അവലോകന യോഗം ചേരുമെന്നും ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും വിദ്യാര്‍ഥി പ്രവേശനവും നടത്താനാണ് ആലോചനയെന്നും എം മണി എം എല്‍ എ പറഞ്ഞു.

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. 8 സ്‌പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷന്‍, രജിസ്‌ട്രേഷന്‍, അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്സ് സോണ്‍, ക്രിയകല്‍പ, ഫിസിയോതെറാപ്പി, യോഗ, ഡിസ്‌പെന്‍സറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തസ്തികകളുടെ പ്രൊപോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇടുക്കിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്. ഇവിടെ ആയുര്‍വേദ ചികിത്സയെ ആശ്രയിക്കുന്ന ധാരാളം പേര്‍ ആശ്രയിക്കുന്നുണ്ട്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സാധ്യമാകുന്നതോടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ഇടുക്കിയില്‍ സാധ്യമാക്കാനാകും.

 ഉടുമ്പന്‍ചോല മാട്ടുതാവളത്ത് എം എല്‍ യുടെ  നേതൃത്വത്തില്‍ കണ്ടെത്തിയ 20.85 ഏക്കര്‍   സ്ഥലത്താണ് മെഡിക്കല്‍ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഈ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നത്.

ഇടുക്കി വികസന പാക്കേജില്‍ 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള ആശുപത്രി ഒപിഡി കോപ്ലക്‌സിന്റെ നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്കും നിര്‍മ്മാണത്തിലേക്കും പോകുന്നതിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് 272 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് കൂടി ചുറ്റുമതില്‍ കെട്ടുന്നതിനും പ്രവേശന കവാടം സ്ഥാപിക്കുന്നതിനുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1 കോടി രൂപയും ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ മാനദണ്ഡപ്രകാരം രണ്ടാമത്തെ ഘട്ടത്തില്‍ കിടക്കകളുടെ എണ്ണം 100 ആയി വര്‍ധിപ്പിച്ചും അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷന്‍, അക്കാഡമിക് സെക്ഷന്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചുകൊണ്ടും വിദ്യാര്‍ഥി പ്രവേശനം നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!