
മൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എ.രാജ എംഎൽഎ. കൂടലാർ കുടിയിൽനിന്ന് രോഗം ബാധിച്ചവരെ ചുമന്ന് കൊണ്ടുപോയ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രദേശത്ത് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പലതും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരാണ് മൂന്നാർ പഞ്ചായത്തിന്റെ ഒരുവാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ പഞ്ചായത്താക്കിയത്. പ്രദേശത്തെ വിവിധകുടികളിൽ വൈദ്യുതിയെത്തിച്ചു. പരപ്പയാർ, നൂറടി എന്നിവിടങ്ങളിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കൂടലാർ, മീൻകുത്തി, നന്മണൽ, ഇരിപ്പുകല്ല് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കായി മീൻകുത്തിക്കുടിയിൽ ഡിഎംഒയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
കൂടലാർ, മീൻകുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ചികിത്സയ്ക്കായി മാങ്കുളത്തേക്കാണ് പോകുന്നത്. ഈ ഭാഗത്തേക്ക് റോഡ് വേണമെന്നുള്ള ആവശ്യം പരിഗണനയിലാണ്. പെട്ടിമുടി പുല്ല്മേട് മുതൽ ഇഡലിപ്പാറ വരെയുള്ള 7.7 കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് സർക്കാർ 18.5 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്
ഇതിൽ കേപ്പക്കാട് വരെയുള്ള 4.5 കിലോമീറ്റർ പൂർത്തിയാക്കി. ബാക്കി പണികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. കനത്ത മഴപെയ്തതോടെയാണ് റോഡിന്റെ പണികൾ നിർത്തിവെയ്ക്കേണ്ടിവന്നത്. നിർമാണസാമഗ്രികൾ കൊണ്ടുപോകുന്നത് വനംവകുപ്പ് പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. ഇതും പണികൾ നീണ്ടുപോകുന്നതിന് കാരണമായി. സബ്കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പണികൾക്ക് വനംവകുപ്പ് തടയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.