സംസ്ഥാനത്ത് പകർച്ചപ്പനി കൂടുന്നു; ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കൻപോക്സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേർ. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്.
ഇന്നലെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്കാണ്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം – മലപ്പുറം 6, കണ്ണൂർ – പത്തനംതിട്ട 4 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ ചികിത്സ തേടിയതിൽ 110 പേർക്ക് ഡെങ്കിപ്പനി സംശയമുണ്ട്. 23 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂർ 6, തിരുവനന്തപുരം 5,കോട്ടയം 4, പത്തനംതിട്ട – എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സ തേടിയതിൽ 20 പേർക്ക് എലിപ്പനി എന്ന് സംശയിക്കുന്നു. 81 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് മുണ്ടിനീരും നാല് മലേറിയ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പനികൾ തന്നെ പല പേരുകളിൽ ആയതിനാൽ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. പകർച്ചപ്പനികൾ വർധിച്ച് വരുന്ന സാഹതര്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ അനിവാര്യമാണെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. കുട്ടികൾക്ക് ഇൻഫു്ലുവൻസാ വാക്സിൻ, എം എം ആർ, എച്ച് പി വി വാക്സിനുകൾ അനിവാര്യമാണെന്നും ഡോക്ടർമാർ പറയുന്നു.സർക്കാർ സംവിധാനത്തിൽ നിലവിൽ ലഭ്യമല്ല എങ്കിലും അടിയന്തിരമായി സർക്കാർ നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകളിൽ ഈ വാക്സിനുകൾ ഉൾപ്പെടുത്തണം എന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു