വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേര്‍ക്കാന്‍ ആഗസ്റ്റ് 12 വരെ അവസരം; ഇതു വരെ അപേക്ഷ നൽകിയത് 64,151 പേർ

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ഇടുക്കി ജില്ലയില്‍ നിന്ന് ഇന്ന് (7) വരെ പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 64,151 പേര്‍. കരട് പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 391 അപേക്ഷകൾ ലഭിച്ചു. ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റുന്നിതിന് 7059 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനും ഇതു സംബന്ധിച്ച ആക്ഷേപങ്ങളുമായി 8862 അപേക്ഷകരുണ്ട്. ഇന്ന് (7) ഉച്ച വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജൂലൈ 23 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
പേര് ചേര്‍ക്കുന്നതിനും, പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കാ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകള്‍ ആഗസ്റ്റ് 12 വരെ നല്‍കാം. കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.