
അടിമാലി: ഇരുമ്പുപാലത്തിന് സമീപം കൊച്ചി- ധനുഷ്കോടി ദേശീയപാതയെയും മെഴുകുംചാൽ- ഇരുന്നൂറേക്കർ റോഡിനെയും ബന്ധിപ്പിക്കുന്ന ചെറായിപ്പാലം കാലവർഷത്തിൽ അപകടാവസ്ഥയിലായി.
പാലത്തിന്റെ സമീപനപാതയുടെ അടിഭാഗത്തെ മണ്ണ് ദേവിയാർ പുഴയിലേക്ക് ഒലിച്ചുപോയതോടെയാണ് പാലം അപകടാവസ്ഥയിലായത്. പാതയുടെ ഇരുവശത്തെയും മണ്ണുകൾ ഒലിച്ചുപോയിട്ടുണ്ട്.
2009-ൽ നിർമിച്ച പാലമാണിത്. അതിനുശേഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നുവർഷം മുമ്പ് റോഡ് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ച് രണ്ട് പാതകളെയും ബന്ധിപ്പിക്കുകയായിരുന്നു. പാലം നിർമാണസമയത്തുണ്ടാക്കിയ സമീപനപാതയുടെ കെട്ടുകളാണ് ഇടിഞ്ഞുവീണത്. അടിമാലി പഞ്ചായത്ത് അസി. എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന്റെയടിസ്ഥാനത്തിൽ പുനർനിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് വാർഡ് മെമ്പർ കെ.എസ്. സിയാദ് അറിയിച്ചു.
കളക്ടർ അധ്യക്ഷനായുള്ള ദുരന്തനിവാരണ പദ്ധതിയിൽനിന്ന് തുക അനുവദിക്കണമെന്നും അതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് കളക്ടറെയും ജനപ്രതിനിധികളെയും സമീപിക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു. ദേശീയപാതയെയും മെഴുകുംചാൽ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പാലം അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾക്ക് വളരെ ദുരിതമായിരുന്നു. പാലത്തിനക്കരെ താമസിക്കുന്നവർക്ക് തങ്ങളുടെ വാഹനങ്ങൾ വീടുകളിൽ എത്തിക്കണമെങ്കിൽ ഇനി കിലോമീറ്ററുകൾ ദൂരം യാത്രചെയ്യണം.
നിരോധനം
പാലം തകർന്നതുമൂലം ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മറ്റു വാഹനങ്ങളുമായി സൂക്ഷിച്ച് യാത്ര ചെയ്യേണ്ടതാണ്.