
മൂന്നാര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കാന്തല്ലൂര്‍ ടൗണിന് സമീപം മൂന്ന് കാട്ടാനകള്‍ തമ്പടിച്ച് പരാക്രമം നടത്തിയത് ആളുകളില്‍ ആശങ്ക ഉയര്‍ത്തി. ടൗണില്‍ ഗുഹനാഥപുരം റോഡില്‍ വിഎഫ്പിസികെ ഓഫീസിന് മുന്‍പില്‍ എത്തിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകള്‍ വരുത്തി. പ്രദേശത്തെ മതിലും കാട്ടാന തകര്‍ത്തു. ടൗണിന് സമീപം കൃഷിഭവന്‍, അംഗന്‍വാടി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നിടത്തും കരികുളം ഭാഗത്തും കാട്ടാനകളുടെ സാന്നിധ്യമുണ്ടായി.
പെരുമല റോഡ് മുറിച്ച് കടന്നായിരുന്നു കരികുളം ഭാഗത്തേക്ക് കാട്ടാനകള്‍ എത്തിയത്. മൂന്ന് കാട്ടാനകള്‍ പ്രദേശത്ത് ഏതാനും ദിവസങ്ങളായി തമ്പടിച്ച് വരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആര്‍ ആര്‍ റ്റി സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുന്നുവെങ്കിലും കാട്ടാനകള്‍ ജനവാസ മേഖലകളിലൂടെ വിലസുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മറയൂര്‍ ടൗണിനോട് ചേര്‍ന്ന് ബാബു നഗറില്‍ കാട്ടാനയെത്തുകയും പരാക്രമം നടത്തി ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.