
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടമായ കള്ളക്കൂട്ടികുടിയിലെ വീടുകളില്‍ കുടിവെള്ളമെത്തിച്ച് നാല് ലക്ഷത്തോളം അംഗങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍സ് എന്ന ആഗോള സംഘടനയുടെ ഹ്യുമാനിറ്റേറിയന്‍ ഉപസംഘടനയായ ഐ ഇ ഇ ഇ സൈറ്റ് കേരള ഘടകം. വീടുകളില്‍ കുടിവെള്ളം എത്തിച്ചതിന് പുറമെ വിവിധയിടങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് പ്രദേശം പ്രകാശപൂരിതമാക്കുകയും ചെയ്തു.
കുടിയിലെ ഇരുപതോളം കുടുംബങ്ങളിലാണ് കുടിവെള്ളമെത്തിച്ച് നല്‍കിയത്. 19 വിദ്യാര്‍ത്ഥികളും 6 പ്രൊഫഷണല്‍ മെമ്പേഴ്സും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം ആളുകളുടെ സംഘമാണ് ഈ ദൗത്യം പൂര്‍ത്തീകരിച്ചത്. നല്ലതണ്ണിയാറിന് സമീപം രണ്ടായിരം ലിറ്റര്‍ വീതം സമാഹരിക്കാവുന്ന രണ്ട് ടാങ്കുകള്‍ സ്ഥാപിച്ചു. വീടുകളുടെ മുമ്പില്‍ വെള്ളം ശേഖരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ച് നല്‍കി. 3000 വാട്ട് ശേഷിയുള്ള സോളാര്‍ വാട്ടര്‍ പമ്പും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. വീടുകളില്‍ കുടിവെള്ളം എത്തിച്ചതിന് പുറമെ കുടിയില്‍ നാല് ഇടങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.
7 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതികള്‍ക്കായി ഐ ഇ ഇ ഇ സൈറ്റ് കേരള ഘടകം ചെലവഴിച്ചിട്ടുള്ളത്. ഐ ഇ ഇ ഇ സൈറ്റ് കേരള ഘടകം ചെയര്‍ പേഴ്‌സണ്‍ പ്രൊഫ. സുനിത ബീവി കെ, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗായത്രി മണികുട്ടി, സെക്രട്ടറി അഭിനവ് രാജീവ്, അഭിരാജ് വി എസ്, നവനീത് എം, ആദിത്യ രാജീവ് തുടങ്ങിയവര്‍ പദ്ധതിക്ക് നേതൃത്വം വഹിച്ചു. മൂന്ന് ദിവസം ക്യാമ്പ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതി പ്രദേശത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഐ ഇ ഇ ഇ കേരള ഘടകം ചെയര്‍പേഴ്‌സണ്‍ പ്രൊഫ മുഹമ്മദ് കാസിം എസ്, മാങ്കുളം ഡി എഫ് ഒ ഷാന്‍ട്രി ടോം, ആര്‍ എഫ് ഒ കെ വി അജി, ബി എഫ് ഒ പി അനൂപ്, വാച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.