
ഇടുക്കി : പട്ടാപ്പകൾ സ്ത്രീയുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണം പണയം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കയ്യിൽ നിന്നും 30000 രൂപ അടങ്ങിയ പേഴ്സ് പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പോലീസ് ബുധനാഴ്ച വെളുപ്പിന് തേനിയിൽ നിന്നും പിടികൂടിയത്.
എറണാകുളം തൃക്കാക്കര ഇടപ്പിള്ളി കരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷ് (39) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയുടെ സൈഡിൽ ഇരുന്ന യുവതിയുടെ കയ്യിൽ നിന്നും പണം അടങ്ങിയ പേഴ്സ് പിടിച്ചുപറിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ശാന്തൻപാറ പോലീസിനെ യുവതി വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ഉടൻ തന്നെ പ്രവർത്തിച്ച പോലീസ് പിറ്റേന്ന് രാവിലെ തന്നെ തേനിയിൽ നിന്നും പ്രതിയെ പിടികൂടി. നഷ്ടപ്പെട്ട പണത്തിലെ 26000 രൂപയും പ്രതിയിൽ നിന്നും വീണ്ടെടുത്തു.
മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി, ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എന്നിവരുടെ നിർദ്ദേശാനുസരണം എസ് ഐ ഹാഷിം, എ എസ് ഐ സുരേഷ് സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു, അരുൺ, പ്രതീഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് തമിഴ്നാട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.