
മൂന്നാര്‍: ഐ എന്‍ റ്റി യു സിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് ഉപരോധവും മാര്‍ച്ചും സംഘടിപ്പിച്ചു. തോട്ടം മേഖലയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതില്‍ കാലതാമസം നേരിടുകയും അത് തൊഴിലാളി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐ എന്‍ റ്റി യു സി മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് ഉപരോധവും മാര്‍ച്ചും സംഘടിപ്പിച്ചത്.
തോട്ടം മേഖലയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഉപരോധസമരം മുന്‍ എം എല്‍ എ എ കെ മണി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെയടക്കം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം പ്രതികൂലമായി ബാധിക്കുന്നുവെന്ന് സമരത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 1950ന് മുമ്പ് പൂര്‍വ്വികര്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്നതിന്റെ രേഖയാണ് ആവശ്യപ്പെടുന്നത്.
ഇത്തരം രേഖകള്‍ ഭൂരിഭാഗം പേരുടെയും കൈവശമില്ല. അതിനാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതില്‍ മാറ്റം വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമരത്തില്‍ മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. വിജയകുമാര്‍, ആര്‍. കറുപ്പ് സ്വാമി, നല്ലമുത്തു, ഡി കുമാര്‍ സി. നെല്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു