വെസ്റ്റ് ബംഗാൾ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപെട്ട ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പെരുവന്താനം പോലിസ് അറസ്റ്റു ചെയ്തു.

ഇടുക്കി : വെസ്റ്റ് ബംഗാളിലെ ബിധാൻ നഗർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന പാലക്കാട് അളനല്ലൂർ സ്വദേശി ആനന്ദൻ പി തമ്പി (42) യെ കഴിഞ്ഞ ജൂൺ മാസം കോട്ടയത്തുനിന്ന് വെസ്റ്റ് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിൽ ബംഗാളിലേക്ക് കൊണ്ടുപോകും വഴി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ പോത്തന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അന്വേഷിച്ചു വരികയായിരുന്നു.
പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളിയങ്കാവിനു സമീപം പ്രതി ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരുവന്താനം പോലീസ് അന്വേഷണം നടത്തുകയും വള്ളിയങ്കാവിനു സമീപത്തുള്ള ലോഡ്ജിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി പോത്തന്നൂർ പോലീസിന് കൈമാറും. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സതീശ് എം ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ കെ എം, സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ ടി ജെ, സുനീഷ് എസ് നായർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.