വൻ ഡിമാൻഡ്; മൂന്ന് ദിവസം കൊണ്ട് വിറ്റ് തീർന്ന് ഫോക്‌സ്‌വാഗൺ ഗോൾഫ് GTI; പ്രീബുക്കിങ്ങ് അവസാനിപ്പിച്ചു

വീണ്ടും ചരിത്രം ആവർത്തിച്ച് ഫോക്‌സ്‌വാഗൺ. വിൽപനക്കെത്തും മുൻുപേ ജർമൻ വാഹന നിർമാതാക്കളുടെ ഗോൾഫ് ജിടിഐക്ക് വൻ ഡീമാൻഡാണ് ലഭിക്കുന്നത്. വില പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത വാഹനത്തിന്റെ പ്രീബുക്കിങ്ങിൽ വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. മേയ് അഞ്ചിനാണ് ഗോൾഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്‌സ്‌വാഗൺ ആരംഭിച്ചത്. എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് ഗോൾഫ് വിറ്റുതീർന്നിരിക്കുകയാണ്. ആദ്യ ബാച്ചിലെ 150 യൂണിറ്റുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായാണ് കമ്പനി അറിയിച്ചത്.
കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ. വാഹനത്തിന്റെ പ്രീബുക്കിങ് വ്യത്യസ്തമായാണ് ഒരുക്കിയിരുന്നത്. ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിജയിക്കുന്നവർക്കാണ് പ്രീബുക്കിങ് ലിങ്ക് ലഭിക്കുക. ഇങ്ങനെയാണ് 150 ബുക്കിങ് പൂർത്തീകരിച്ചത്. ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെത്തിച്ചിരുന്നു.
ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്സ്വാഗൺ ആഗോളവിപണിയിൽ എത്തിച്ചിരുന്നത്. CBU യൂണിറ്റായായി ഇന്ത്യയിലെത്തുന്ന ഗോൾഫ് ജി.ടി.ഐക്ക് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാനായിട്ട് എത്തുക. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.
ഏറ്റവും പുതിയ ഗോൾഫ് ജിടിഐക്ക് 0-100 വേഗതയിലെത്താൻ വെറും 5.9 സെക്കൻഡ് കൊണ്ടാകും. 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവ ഗോൾഫിന്റെ സവിശേഷതയാണ്. വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീൽ എന്നിവയും ഗോൾഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.