ചീയപ്പാറയില്‍ പോലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യം ശക്തമാകുന്നു

അടിമാലി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ വാളറ ചീയപ്പാറയില്‍ പോലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കുകയും ഇവിടെ പോലീസിന്റെ സേവനം ലഭ്യമാക്കുകയും വേണമെന്ന് ആവശ്യം. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളങ്ങളില്‍ ഒന്നാണ് ചീയപ്പാറ വെള്ളച്ചാട്ടം. വിദേശ വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ ചീയപ്പാറയില്‍ വന്ന് പോകുന്നു.
വഴിയോരക്കടകള്‍ നടത്തി വരുമാനം കണ്ടെത്തുന്നവരും ഇവിടെയുണ്ട്. ദേശിയപാതയില്‍ നിന്നാല്‍ തന്നെ ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാം. ഇക്കാരണം കൊണ്ടു തന്നെ ദേശിയപാതയിലടക്കം ചീയപ്പാറയില്‍ പകല്‍ സഞ്ചാരികളുടെ വലിയ തിരക്കുണ്ട്. ദേശിയപാതയോരത്തു തന്നെയാണ് സഞ്ചാരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അവധി ദിവസങ്ങള്‍ എത്തുന്നതോടെ ഇവിടെ സഞ്ചാരികളുടെയും വാഹനങ്ങളുടെയും തിരക്ക് ഇരട്ടിയാകും.
ചില സമയങ്ങളില്‍ ഗതാഗതകുരുക്കിനും ഇത് ഇടവരുത്താറുണ്ട്. ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ വന്ന് പോകുന്ന ഇടമെന്ന നിലയില്‍ ചീയപ്പാറയില്‍ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. മുമ്പ് ഇവിടെ ഒരു പോലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തിച്ച് വന്നിരുന്നു. പിന്നീട് അത് ഇല്ലാതായി. പോലീസ് എയിഡ് പോസ്റ്റിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ട്.
തിരക്കേറുന്ന സമയങ്ങളില്‍ ദേശിയപാത വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിനും സഞ്ചാരികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സഹായത്തിനും പോലീസിന്റെ സേവനം പ്രയോജനം ചെയ്യും. മുമ്പുണ്ടായിരുന്ന പോലീസ് എയിഡ് പോസ്റ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.