ബെവ്‌കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ താത്പര്യം അറിയിച്ചു

സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്‌കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് ബെവ്‌കോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓണ്‍ലൈനായി ലഭ്യമാകുക. എന്നാല്‍ ഓണ്‍ലൈന്‍ മദ്യപവില്‍പ്പനയ്ക്കായി സംസ്ഥാനം പാകപ്പെട്ടിട്ടുണ്ടോ എന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാത്രമാകും സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിക്കുക.
മദ്യംവാങ്ങുന്നയാള്‍ക്ക് 23 വയസ് പൂര്‍ത്തിയായിരിക്കണം എന്നതാകും ഓണ്‍ലൈന്‍ ഡെലിവറിക്ക് ബെവ്‌കോ വയ്ക്കുന്ന പ്രധാന നിബന്ധന. ഇത് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതായിവരും. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ബെവ്‌കോയുടെ തീരുമാനം. ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച് മൂന്നുവര്‍ഷം മുന്‍പും ബെവ്‌കോ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അന്ന് സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.