
തൊടുപുഴ: ഇടുക്കി ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തിയത്.
പീരുമേട് സബ് രജിസ്ട്രാർ ഓഫീസിൽ ഫയലുകൾക്കിടയിൽ നിന്നും 700 രൂപ പിടിച്ചെടുത്തു.
ആധാരം എഴുത്ത് ജീവനക്കാരും സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരും തമ്മിൽ നടത്തിയ ഗൂഗിൾപേ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഭൂരിഭാഗം സബ് രജിസ്ട്രാർ ഓഫീസുകളിലും ആധാരം എഴുത്തുകാർ മുഖേന ജീവനക്കാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
ഇടുക്കി ജില്ലയിൽ ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർമാരായ ഷിന്റോ പി.കുര്യൻ, ബിൻസ് ജോസഫ്, ജോബിൻ ആന്റണി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്ത കേസുകളിലും ഉദ്യോഗസ്ഥരും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരും തമ്മിൽ നടത്തിയ അനധികൃത പണമിടപാടുകളിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു.