വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യാ മുന്നണി മാര്‍ച്ച്

വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 11:30ന് പാര്‍ലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാര്‍ച്ച്. കര്‍ണാടകയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം ഉയര്‍ത്തി ആണ് പ്രതിഷേധം.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സംസ്ഥാനവ്യാപകമായി ക്യാമ്പയിന് ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ രാഹുല്‍ ഗാന്ധി വോട്ട് ചോരി എന്ന പേരില്‍ വെബ് സൈറ്റ് തുറന്നു. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. അതേസമയം രാഹുല്‍ പുറത്തുവിട്ട രേഖകള്‍ തെറ്റാണെന്നും ശകുന്‍ റാണി രണ്ട് വോട്ട് ചെയ്തതിന് രാഹുല്‍ തെളിവുകള്‍ ഹാജരാക്കണമെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കത്തയച്ചു.