കറുകടം സ്വദേശിനിയുടെ ആത്മഹത്യ; സുഹൃത്ത് കസ്റ്റഡിയിൽ;മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു’; ആത്മഹത്യ കുറിപ്പ് പുറത്ത്

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി.
സോന എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് വ്യക്തമാക്കി.
‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷെ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല’ – കുറിപ്പില്‍ പറയുന്നു.
അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ ബേസിൽ പറഞ്ഞു.
‘മതംമാറാൻ അവൾ തയാറായിരുന്നു. അച്ഛൻ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ ഇവനെ ഇമ്മോറൽ ട്രാഫിക്കിന് പേരിൽ കഴിഞ്ഞ ദിവസം ലോഡ്ജിൽനിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവൾ പറഞ്ഞു. ഇനി രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നാണ് അവൾ പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അവളെ ആലുവയിൽ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവൻ കൂട്ടിക്കൊണ്ടുപോയത്.
അവന്റെ വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും ഇവൻ പറഞ്ഞു. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ല.സോന ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഈ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവർ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് അവൾ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയിൽ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’ ബേസിൽ പറഞ്ഞു.