രണ്ട് മാസത്തെ കൂലി നല്‍കാതെ എസ്റ്റേറ്റ് പൂട്ടി; ദുരിതത്തിലായി തൊഴിലാളികള്‍

ഇടുക്കി വണ്ടിപ്പെരിയാർ ഹെലിബറിയ എസ്റ്റേറ്റ് മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളികൾ. രണ്ടുമാസത്തെ കൂലി നൽകാതെ എസ്റ്റേറ്റ് പൂട്ടിയതിൽ പ്രതിഷേധം കടുക്കുകയാണ്.
ഹെലിബറിയ, സെമിനിവാലി, ചിന്നർ വള്ളക്കടവ് എന്നീ ഡിവിഷനുകളിലായി എണ്ണൂറോളം തൊഴിലാളികളാണ് ഹെലിബറിയ എസ്റ്റേറ്റിൽ സ്ഥിരം ജോലി ചെയ്തിരുന്നത്. കഴിഞ്ഞദിവസം ശമ്പളം ആവശ്യപ്പെട്ട് മാനേജരെ സമീപിച്ചപ്പോഴാണ് തോട്ടം പൂട്ടിയതായി തൊഴിലാളികൾ അറിഞ്ഞത്. ട്രേഡ് യൂണിയൻ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തിയെങ്കിലും ശമ്പളം അടക്കമുള്ള കാര്യത്തിൽ തീരുമാനമായില്ല. തൊഴിലാളികളിൽ നിന്ന് അഞ്ച് വർഷമായി പിരിച്ച പ്രോവിഡന്റ് ഫണ്ടും കമ്പനി അടച്ചിട്ടില്ല.
തോട്ടം പൂട്ടിയതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് എസ്റ്റേറ്റ് ഉടൻ തന്നെ തുറക്കുമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.