
അടിമാലി: അടിമാലി ആനച്ചാലിലെ ഫര്‍ണ്ണിച്ചര്‍ വ്യാപാര സ്ഥാപനം കത്തി നശിച്ചതിലൂടെ സ്ഥാപന ഉടമക്ക് ഉണ്ടായിട്ടുള്ളത് ലക്ഷങ്ങളുടെ നഷ്ടമാണ്. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേണ്‍ ഫര്‍ണ്ണിച്ചര്‍ മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചത്. ആനച്ചാല്‍ ടൗണില്‍ ആനച്ചാല്‍ അടിമാലി റോഡരികിലാണ് ഫര്‍ണ്ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തിച്ച് വന്നിരുന്നത്.
തീ ആളിപടര്‍ന്നതോടെയാണ് വിവരം പ്രദേശവാസികള്‍ അറിഞ്ഞത്. ഉടന്‍ അടിമാലി അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് തീ അണക്കാനായത്.
വലിയ തുകയുടെ ഫര്‍ണ്ണിച്ചറുകളും കെട്ടിടവും തീയില്‍ കത്തി നശിച്ചു. ഫര്‍ണ്ണിച്ചര്‍ വില്‍പ്പന കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന നാല് വ്യാപാരശാലകള്‍ക്കും ഭാഗീകമായി നഷ്ടം സംഭവിച്ചു. ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും തീ പിടുത്തതില്‍ നാശം സംഭവിച്ചു. തീ പിടുത്തമുണ്ടായ ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തില്‍ ഉറങ്ങി കിടന്നിരുന്ന രണ്ട് പേര്‍ തീ പടര്‍ന്നതോടെ പുറത്തേക്കൊടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തതിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.തീ പിടുത്തകാരണം സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു.