ആനച്ചാല്‍ തീപിടുത്തം; കട ഉടമക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം, വ്യാപാരി വ്യവസായി ഏകോപന സമിതി

അടിമാലി: ആനച്ചാലില്‍ തീ പിടുത്തത്തില്‍ ഫര്‍ണ്ണിച്ചര്‍ സ്ഥാപനം പൂര്‍ണ്ണമായി കത്തിനശിച്ച സംഭവത്തില്‍ സ്ഥാപന ഉടമക്ക് അടിയന്തിര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേണ്‍ ഫര്‍ണ്ണിച്ചര്‍ മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചത്.
വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകള്‍ക്കൊപ്പം സ്ഥാപനം തന്നെ കത്തി ചാമ്പലായ നിലയിലാണ് തീ പിടുത്തമുണ്ടായത്. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉടമക്ക് അടിയന്തിര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നര കോടിയോളം രൂപയുടെ ഫര്‍ണ്ണിച്ചര്‍ മാത്രം വ്യാപാരസ്ഥാപനത്തില്‍ ഉണ്ടായിരുന്നുവെന്നും ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥാപന ഉടമക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ആനച്ചാലില്‍ പറഞ്ഞു.
ആനച്ചാല്‍ ടൗണില്‍ ആനച്ചാല്‍ അടിമാലി റോഡരികിലാണ് ഫര്‍ണ്ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തിച്ച് വന്നിരുന്നത്. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫര്‍ണ്ണിച്ചര്‍ വില്‍പ്പനശാലയില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.