
മൂന്നാർ : പഴയ മൂന്നാർ മൂലക്കടക്ക് സമീപത്തുവച്ചാണ് അയൽ സംസ്ഥാന തൊഴിലാളിയായ യുവാവ് മുതിരപ്പുഴയിലെ ഒഴുക്കിൽ പതിച്ചത്. പുഴയിലൂടെ ഒഴുകി വരുന്നതിനിടയിൽ ഇയാൾ രക്ഷിക്കുവാനായി ഉറക്കെ അലറിവിളിച്ചു. പുഴയിലൂടെ യുവാവ് ഒഴുകി വരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു.
ഒഴുകി വരുന്നതിനിടയിൽ യുവാവിന് ചാഞ്ഞുകിടന്നിരുന്ന കാട്ടുപടർപ്പിൽ പിടുത്തം കിട്ടി. ഇതിനിടെ അഗ്നി രക്ഷസേന സ്ഥലത്തെത്തി. ഡി ടി പി സിയുടെ പെഡൽ ബോട്ടും രക്ഷാപ്രവർത്തനത്തിനുപയോഗിച്ചു. കാട്ടുപടർപ്പിൽ പിടിച്ച് കിടന്നിരുന്ന യുവാവിനെ പിന്നീട് രക്ഷപ്പെടുത്തി കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നാർ ഫയർ ഫോഴ്സ് യൂണിറ്റ് സ്റ്റേഷൻ ഓഫീസർ അജയ് കുമാർ, ദിമൻ,രാഗേഷ്, അഭിജിത്ത്, സാജൻ, റെജിദാസ് എന്നിവരുൾപ്പെട്ട സംഘമാണ് പുഴയിൽ നിന്നും യുവാവിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.