
അടിമാലി: വലിയ പ്രതീക്ഷയോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതി എവിടെയുമെത്തിയില്ല. മൂന്നാറിന്റെ പ്രവേശന കവാടമെന്ന നിലയില്‍ അടിമാലിയുടെ ഭൂപ്രകൃതിയും വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളുമൊക്കെ പ്രയോജനപ്പെടുത്തി ഉത്തരവാദിത്വ ടൂറിസം പദ്ധി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രഖ്യാപനത്തിനപ്പുറം ഒന്നും സംഭവിച്ചില്ല.
പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളായാകെ കൂട്ടിയോജിപ്പിച്ച് സഞ്ചാരികള്‍ക്ക് ട്രക്കിംഗിനും താമസത്തിനും സൗകര്യമൊരുക്കി വരുമാനം കണ്ടെത്തുകയുമായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. സാധ്യതകള്‍ നിരവധി ഉണ്ടായിട്ടും ഇവിടേക്കൊന്നും സഞ്ചാരികളെ ആകര്‍ഷിക്കാനോ വരുമാന ലഭ്യത ഉറപ്പാക്കി അടിസ്ഥാന സൗകര്യമൊരുക്കാനോ കഴിഞ്ഞിട്ടില്ല.
വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ വേണ്ട വിധം പരിപോഷിപ്പിച്ചെടുത്താല്‍ മൂന്നാറിന്റെ പ്രവേശനകവാടമായ അടിമാലിയുടെ മുഖഛായ തന്നെ മാറിമറിയും.
ഈ സാധ്യതകള്‍ മുമ്പില്‍ കണ്ട് സ്വകാര്യമേഖലയില്‍ നിക്ഷേപങ്ങളും പദ്ധതികളുമായി സംരംഭകര്‍ മുമ്പോട്ടെത്തുന്നുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളും വനമേഖലയുമൊക്കെയടങ്ങുന്നതാണ് അടിമാലിയുടെ ഭൂപ്രകൃതി. ഈ സാധ്യതകളെ വേണ്ട വിധം പ്രയോജനപ്പെടുത്തണമെന്നാണാവശ്യം