
അടിമാലി: അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്ത് മറ്റിതര സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അടിമാലിയിലും രാജ്യത്തിന്റെ എഴുപത്തെട്ടാമത് സ്വാതന്ത്രദിനാഘോഷം നടക്കും. സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രശ്ചന്നവേഷങ്ങള്‍ എന്നിവയെല്ലാം സ്വാതന്ത്രദിന റാലിയെ വര്‍ണ്ണാഭമാക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന റാലിയാണ് അടിമാലിയിലെ സ്വാതന്ത്രദിനാഘോഷപരിപാടികളുടെ പ്രത്യേകത. സ്വാതന്ത്രദിന റാലിക്ക് ശേഷം സമ്മേളനം നടക്കും. സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ സ്വാതന്ത്രദിന സന്ദേശം നല്‍കും.
അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ സമ്മാനദാനം നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്തു നിന്നാരംഭിക്കുന്ന റാലി അടിമാലി സി ഐ ലൈജുമോന്‍ സി വി ഫ്‌ളാഗ് ഓഫ് ചെയ്യും. സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നാളെ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,മറ്റിതര സംഘടനാ പ്രവര്‍ത്തകര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ സ്വാതന്ത്ര ദിന റാലിയില്‍ പങ്ക് ചേരും. മികച്ച നിശ്ചലദൃശ്യം, വാഹനാലങ്കാരം, ഫാന്‍സി ഡ്രസ് എന്നിവക്ക് ക്യാഷ് പ്രൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളില്‍ പങ്ക് ചേരുവാന്‍ മുഴുവന്‍ ആളുകളേയും ക്ഷണിക്കുന്നതായി സംഘാടകസമിതി ഭാരവാഹികളായ പി വി സ്‌കറിയ, സി ഡി ഷാജി, ഹാപ്പി കെ വര്‍ഗ്ഗീസ്, കെ പി അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു