തദ്ദേശതിരഞ്ഞെടുപ്പ്; തോട്ടം മേഖലയില്‍ പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാന്‍ വിടുതലൈ ചിരുതൈ കക്ഷി

മൂന്നാര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഒറ്റക്കു മത്സരിക്കുമെന്ന് വിടുതലൈ ചിരുതൈ കക്ഷി. തോട്ടം മേഖലയില്‍ പരമാവധി വാര്‍ഡുകളില്‍ മത്സരിക്കുമെന്ന് വിടുതലൈ ചിരുതൈ കക്ഷി ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു. തമിഴ് വംശജരായ വോട്ടര്‍മാര്‍ അധികമുള്ള ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ മത്സരിക്കാനാണ് വിടുതലൈ ചിരുതേ കക്ഷിയുടെ തീരുമാനം. പട്ടിക ജാതി, പട്ടികവര്‍ഗ ജനതയുടെ അവകാശ സംരക്ഷണത്തിനായി ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളോട് സഹകരിക്കുമെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം മൂന്നാറില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളപ്പിറവി ദിനം കരിദിനമായി ആചരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മൂന്നാറില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വിടുതലെ ചിരുത്തൈ കക്ഷി സംസ്ഥാന ഓര്‍ഗനൈസര്‍ ഇളം ചെഗുവാര, നേതാക്കളായ എസ് ജയപാല്‍,മുല്ലൈ മുരുകന്‍, എം സന്തോഷ്, വണ്ടിപ്പെരിയാര്‍ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


