തോട്ടം തൊഴിലാളിയായ ജാനകിക്കും യു കെ ജി കാരന്‍ ബിയാസിനും സബ് കളക്ടറുടെ സ്‌നേഹ സമ്മാനം

മൂന്നാര്‍: മൂന്നാറിന്റെ മനസ്സ് കീഴടക്കിയാണ് ദേവികുളം സബ് കളക്ടര്‍ ആയിരുന്ന വി എം ജയകൃഷ്ണന്‍ പുതിയ ജോലി തിരക്കിലേക്ക് പോകുന്നത്.മൂന്നാറിനോട് താല്‍ക്കാലികമായി വിട പറയുന്നതിനു മുമ്പ് രണ്ട് പേരെ തേടി സബ് കളക്ടറുടെ സമ്മാനവും എത്തി. തോട്ടം തൊഴിലാളിയായ ജാനകിയും യു കെ ജി കാരന്‍ ബിയാസുമായിരുന്നു സബ് കളക്ടറുടെ സമ്മാനത്തിനര്‍ഹരായ രണ്ട് പേര്‍.തേയില ചെരുവില്‍ കൊളുന്ത് നുള്ളാന്‍ പോകുന്ന ജാനകിയുടെ തന്നെ ചിത്രമാണ് ജാനകിക്കുള്ള സബ്കളക്ടറുടെ സമ്മാനമായി എത്തിയത്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന ജയകൃഷ്ണന്‍ ഐ എ എസ് താന്‍ ഒരിക്കല്‍ പകര്‍ത്തിയ ഹെലികാം ചിത്രത്തിലെ നായികയെ കണ്ടെത്തി ചിത്രം സമ്മാനിക്കുകയായിരുന്നു. 2023ല്‍ പരിശീലന കാലയളവില്‍ മൂന്നാറില്‍ എത്തിയപ്പോഴാണ് അദ്ദേഹം ജാനകിയുടെ ചിത്രം പകര്‍ത്തിയത്. പിന്നീട് സബ് കളക്ടര്‍ ആയി ദേവികുളത്ത് ചുമതലയേറ്റു. നിലവില്‍ സപ്ലൈകോ എം ഡി യായി ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് തോട്ടം തൊഴിലാളിയായ ജാനകിയെ കണ്ടെത്തി ഫ്രെയിം ചെയ്ത ചിത്രം സമ്മാനിച്ചു.
യു കെ ജി കാരനായ ബിയാസ് തന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ സബ് കളക്ടറെ തേടി എത്തിയിരുന്നു. കൈയില്‍ കരുതിയിരുന്ന കുടുക്ക സബ് കളക്ടര്‍ക്ക് കൈമാറി പാവപ്പെട്ടവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചു മിടുക്കന് സമൂഹത്തോടുള്ള കരുതലിന് സമ്മാനമായാണ് സൈക്കിളുമായി സബ് കളക്ടര്‍ ബിയാസിനെ തേടി എത്തിയത്.കൃത്യനിര്‍വ്വഹണത്തിനൊപ്പം ഇത്തരത്തില്‍ മൂന്നാറുകാരുടെ മനസ്സ് കൂടി കീഴടക്കിയാണ് ദേവികുളം സബ്കളക്ടറായിരുന്ന ജയകൃഷ്ണന്‍ ഐ എ എസ് മൂന്നാറില്‍ നിന്നും മടങ്ങിയത്.