ലൈഫിന്റെ കരുതലില്‍ ഇടമലക്കുടി നിവാസികള്‍;131 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്. അത് പഴയ കാലം. ഇപ്പോള്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള നല്ല വീടുകള്‍ നല്‍കി’ – സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിനും കുടുംബത്തിനും കളര്‍ഫുള്‍ ഓണമാണ് ഇത്തവണത്തേത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഈ ഓണത്തിന് മാറിത്താമസിക്കാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും. കനത്ത മഴ മൂലം പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയ വീട്ടില്‍ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഷെഡുകുടിയിലെ മുരുകരാജും കുടുംബവും.
പെട്ടിമുടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്ന ഇവിടുത്തെ സൊസൈറ്റി കുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാമന്റെ വീടിന്റെ തറ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കി പണികള്‍ നടന്നു വരികയാണ്. സഹോദരിയുടെ വീടിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്ന് അമ്പത്തഞ്ചുകാരനായ രാമന്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ് ഗോത്രവര്‍ഗ നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കു ന്നത്. വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടികളിലും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഇടമലക്കുടിയില്‍ 131 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ 276 വീടുകള്‍ക്കാണ് കരാര്‍ ഏര്‍പ്പെട്ടത്. ലൈഫ് രണ്ടാം ഘട്ടത്തില്‍ 131 വീടുകളും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള അഡീഷണല്‍ ലിസ്റ്റിലുള്‍പ്പെടുത്തി 31 ഭവനങ്ങളും ലൈഫ് 2020 പദ്ധതി പ്രകാരം 110 വീടുകളുമാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 421 വീടാണ് ഇടമലക്കുടി പഞ്ചായത്തില്‍ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി രൂപ ഇത് വരെ ഇടമലക്കുടി പഞ്ചായത്തില്‍ പദ്ധതിക്കായി ചെലവഴിച്ചു. കരാര്‍ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
മഴയും ദുര്‍ഘടമായ വഴിയും തീര്‍ക്കുന്ന പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇടമലക്കുടിയില്‍ ഭവന നിര്‍മ്മാ ണം പുരോഗമിക്കുന്നത്. മൂന്നാറില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ച് തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടുവന്നാണ് നിര്‍മ്മാണം. ആധുനിക രീതിയില്‍ 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളവയാണ് ഇവിടെ പണിയുന്ന വീടുകള്‍. രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, അടുക്കള, സിറ്റൗട്ട്, ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ട്. ഇന്റര്‍ലോക്കിംഗ് കട്ടകള്‍ ഉപയോഗിച്ചാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തകരഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നു.
ഇടമലക്കുടിയിലെ ഗോത്ര വര്‍ഗ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഷെഡു കുടിയില്‍ പ്രവര്‍ത്തിക്കുന്നു. ലൈഫ് ഭവന പദ്ധതി ഇടമലക്കുടി നിവാസികളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പി എച്ച് സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഖില്‍ രവീന്ദ്രന്‍ പറയുന്നു.


