
മാങ്കുളം:കാട്ടാന ശല്യം പ്രതിരോധിക്കാന്‍ മാങ്കുളം കോഴിയിളക്കുടിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി യാഥാര്‍ത്ഥ്യമാക്കി. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ വനം വന്യജീവി വകുപ്പ് നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും ഭാഗമായിട്ടാണ്
മാങ്കുളം വന ഡിവിഷന് പരിധിയില്‍ വരുന്ന ആനക്കുളം റേഞ്ചിന് കീഴില്‍ കോഴിയിളക്കുടി ഉന്നതിയില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.50 ലക്ഷം രൂപ വകയിരുത്തി സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിച്ചിട്ടുള്ളത്.
ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന് അധ്യക്ഷത വഹിച്ചു. മാങ്കുളം ഡി എഫ് ഒ ജ്യോതിഷ് ജെ ഒഴാക്കല്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗം സവിതാ റോയി, പോലീസ് ഹൗസിംഗ് കോര്പ്പറേഷന് പ്രോജക്ട് എന്‍ജിനീയര്‍ അജീഷ് മത്തായി, കൊഴിയിളക്കുടി ഉന്നതി കാണി ഇന്ദ്രന് ചന്ദ്രന്, ഉന്നതി തലവനായ പുലേന്ദ്രന്‍ ചന്ദ്രന്, കോഴിയിളക്കുടി ഉന്നതി നിവാസികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മനുഷ്യ വന്യജീവി സങ്കര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി ദേവികുളം നിയോജക മണ്ഡലത്തില്‍ ഈ വര്‍ഷം നിര്‍മ്മിച്ച പ്രഥമ സൗരോര്‍ജ്ജ വേലിയാണ് കോഴിയിളകുടിയിലേത്. സൗരോര്‍ജ്ജ തൂക്കുവേലി യാഥാര്‍ത്ഥ്യമായതോടെ ഇതു വഴി കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനാകും. ഇതിലൂടെ ആനക്കുളം മേഖലയിലെ കോഴിയിളക്കുടി, മുള്ളന്മട, 96 പ്രദേശങ്ങളിലെ കാട്ടാന ശല്യം കുറക്കാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ