
മൂന്നാർ: ഗവ. എൻജിനയറിങ് കോളേജ് ഐഎച്ച്ആർഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡിവലപ്മെന്റ്) ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വൻ നേട്ടമാകും. നിലവിൽ സെറ്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ (സിസിഇകെ) കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഏറ്റെടുക്കൽ സംബന്ധിച്ച് നേരത്തെ ധനകാര്യമന്ത്രി, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി എന്നിവർ ചർച്ച നടന്നിരുന്നു.
ഇക്കാനഗറിലെ പ്രകൃതി രമണീയമായ കുന്നിൻമുകളിൽ 2000-ത്തിൽ ആണ് കോളേജ് സ്ഥാപിച്ചത്. കുസാറ്റുമായി അഫിലിയേറ്റ് ചെയ്തിരുന്ന കോളേജിൽ ആദ്യഘട്ടത്തിൽ ഉയർന്ന പഠനനിലവാരമുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് എൻജിനിയറിങ് കോഴ്സുകളോട് പൊതുവെയുള്ള താത്പര്യം കുറഞ്ഞതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങൾക്ക് 60 സീറ്റ് വീതമാണ് അനുവദിച്ചിരുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പലവിഭാഗങ്ങളിലും സീറ്റുകൾ 30-ആയി വെട്ടിക്കുറച്ചു. എന്നാൽ പലവിഭാഗങ്ങളിലും 15-ൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. 2023-24 അധ്യയനവർഷത്തിലാണ് ഇതിൽ കുറച്ചെങ്കിലും മാറ്റമുണ്ടായത്. വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായി.
ഐഎച്ച്ആർഡിക്ക് കീഴിലേക്ക് മാറുന്നതോടെ കോളേജിലെ മുഖച്ഛായ തന്നെ മാറുമെന്നാണ് കരുതുന്നത്. ട്രാവൽ ആൻഡ് ടൂറിസം, എഐ, മെഷീൻ ലേണിങ് തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം സീറ്റുകൾ പുതുതായി അനുവദിച്ചേക്കുമെന്നാണ് കോളേജ് അധികൃതരുടെ പ്രതീക്ഷ. ക്യാമ്പസിൽ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പോളിടെക്നിക് തുടങ്ങാനും എ. രാജ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒൻപത് എൻജിനിയറിങ് കോളേജുകൾ ഉൾപ്പെടെ 75-ഓളം സ്ഥാപനങ്ങളാണ് ഐഎച്ച്ആർഡിക്ക് കീഴിൽ പ്രവർത്തിക്കുന്നത്.


