
മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി മഴ മാറി നില്‍ക്കുന്ന സാഹചര്യമായിരുന്നു മൂന്നാറുള്‍പ്പെടെ ഹൈറേഞ്ച് മേഖലയില്‍ ആകെ ഉണ്ടായിരുന്നത്. എന്നാല്‍ വീണ്ടും മഴ ശക്തയാര്‍ജ്ജിച്ചിട്ടുള്ളത് ഓണക്കാലത്ത് വിനോദ സഞ്ചാര മേഖലക്കും ഒപ്പം വ്യാപാര മേഖലക്കും തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. സഞ്ചാരികളുടെ തിരക്കേറുന്നതോടെ മൂന്നാറില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കിനേയും വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
മധ്യവേനലവധിക്ക് ശേഷം മൂന്നാറിലും പരിസരപ്രദേശങ്ങളിലും വിനോദ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിരുന്നു. സഞ്ചാരികള്‍ വന്ന് പോകുന്നുവെങ്കിലും കഴിഞ്ഞ രണ്ട് മാസക്കാലമായി വിനോദ സഞ്ചാരമേഖലക്ക് വലിയ ഉണര്‍വ്വില്ല. വരാന്‍ പോകുന്ന ഓണാവധിയിലാണ് വിനോദ സഞ്ചാര മേഖലയുടെയും ഒപ്പം വ്യാപാര മേഖലയുടെയും പ്രതീക്ഷ. ഓണാവധി ആഘോഷങ്ങള്‍ക്കായുള്ള ബുക്കിംഗ് ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലുമൊക്കെ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാകുകയും നേര്യമംഗലം മുതല്‍ ഗതാഗത കുരുക്ക് രൂപം കൊള്ളുകയും ചെയ്താല്‍ സഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കാന്‍ മറ്റിടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലെന്ന് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നു.
ഇത് മുമ്പില്‍ കണ്ട് സഞ്ചാരികളുടെ തിരക്കേറുമ്പോള്‍ ഗതാഗതകുരുക്കുണ്ടാകാതിരിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുകയും ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ മുന്നൊരുക്കവും ഏകോപനവും ഉണ്ടാകണമെന്നുമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആവശ്യം.