
മഴക്കാലം എത്തിയതോടെ കട്ടപ്പന പുതിയ ബസ്‍സ്റ്റാൻഡ് ടെർമിനലിൽ വിവിധ ഭാഗങ്ങൾ ചോർന്നൊലിക്കാൻ തുടങ്ങി. ഇതോടെ ദിവസവും ബസ് സ്റ്റാൻഡിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ആധുനിക സൗകര്യത്തിൽ നിർമിച്ച ബസ്‍സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമത്തിനും വൈദ്യസഹായത്തിനും ഉൾപ്പെടെ സൗകര്യങ്ങളുണ്ട്.
എന്നാൽ ടെർമിനലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഉൾപ്പെടെ ദുരിതത്തിലായി. തറയിൽ ടൈൽസിട്ടിരിക്കുന്നതിനാൽ ഉള്ളിൽ വെള്ളം നിറയുന്നതോടെ യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. ചോർച്ചയുള്ള പ്രദേശത്ത് വ്യാപാരികൾ ബക്കറ്റ് വെച്ച് ടൈൽസിൽ വെള്ളം വീഴാതെ ശ്രമിക്കുമെങ്കിലും ബക്കറ്റ് നിറയുന്നതോടെ വെള്ളം പുറത്തേക്ക് ഒഴുകും. ടെർമിനലിന്റെ അറ്റകുറ്റപ്പണി തീർക്കാൻ നഗരസഭ തയ്യാറാകണമെന്ന് ബസ് ജീവനക്കാരും ടെർമിനലിലെ വ്യാപാരികളും ആവശ്യപ്പെട്ടു