
അടിമാലി: ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആശ്വാസമായി വെളിച്ചെണ്ണ വില കുറയുന്നു. തേങ്ങയുടെയും കൊപ്രയുടെയും വിലയില്‍ കുറവ് വന്നിട്ടുള്ളതാണ് വെളിച്ചെണ്ണ വിലയില്‍ നേരിയ തോതിലെങ്കിലും കുറവിന് ഇടവരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഓണക്കാലം മുതലാണ് തേങ്ങക്കും കൊപ്രക്കും വെളിച്ചെണ്ണക്കും വില ഉയര്‍ന്ന് തുടങ്ങിയത്. കൊപ്രയുടെയും തേങ്ങയുടെയും ലഭ്യത കുറവായിരുന്നു വെളിച്ചെണ്ണ വില വര്‍ധനവിന് ഇടവരുത്തിയത്.നിലവില്‍ വിപണിയിലേക്ക് പച്ചതേങ്ങ കൂടുതലായി എത്തിതുടങ്ങിയിട്ടുണ്ട്.
തേങ്ങക്ക് വില കിലോക്ക് 80 രൂപ വരെയെത്തിയിരുന്നു.ഇതില്‍ നിന്നും നിലവില്‍ 20 മുതല്‍ 25 രൂപ വരെ പലയിടത്തും തേങ്ങക്ക് വില കുറഞ്ഞിട്ടുണ്ട്. ആട്ടിയ വെളിച്ചെണ്ണ വില കിലോക്ക് 520 രൂപ വരെ എത്തിയിരുന്നു. നിലവില്‍ 470 രൂപ വരെയായി ആട്ടിയ വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ട്. 310 രൂപ വരെ ഉയര്‍ന്ന കൊപ്ര വില 250 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ തേങ്ങയുടെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയില്‍ ഇനിയും കുറവ് വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ ഒരു കിലോ കൊപ്രക്ക് 112 രൂപയും ആട്ടിയ വെളിച്ചെണ്ണ കിലോക്ക് 285 രൂപയുമായിരുന്നു. ഇവിടെ നിന്നുമാണ് വില ഇരട്ടിയോളം വര്‍ധിച്ചത്. തേങ്ങക്കും വെളിച്ചെണ്ണക്കുമുണ്ടായ വില വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. ഒാണക്കാലത്ത് വെളിച്ചെണ്ണയുടെ ഉപയോഗം അധിക ബാധ്യതയാകുമെന്ന് കരുതിയിരിക്കവെയാണ് ആശ്വാസമായി വിലയില്‍ കുറവ് വന്ന് തുടങ്ങിയിട്ടുള്ളത്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അധികമായി തേങ്ങ എത്തുന്നത്.