KeralaLatest NewsLocal news

അടിമാലി മണ്ണിടിച്ചില്‍; 29 കുടുംബങ്ങളെ പുനരധിവസിപ്പിക്കും: ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും

അടിമാലിയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടസാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ
29 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരമുള്ള തുക നല്‍കി പുനരധിവസിപ്പിക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എംഎം മണി, എ. രാജ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അപകടസാധ്യതാമേഖലയിലുള്ള വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവര്‍ക്ക് വീടും സ്ഥലവും നല്‍കി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കേണ്ടത് ദേശീയ പാത അതോറിറ്റിയാണ്. ഇന്‍ഷുറന്‍സ് തുക കുറഞ്ഞുപോയാല്‍ ബാക്കി തുകയും അതോറിറ്റി നല്‍കണം.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ വാടകയ്ക്ക് വീട് ലഭ്യമാക്കും. വാടക തുകയും എന്‍എച്ച്എഐ വഹിക്കും. കൂടാതെ അപകടത്തില്‍ മരിച്ച ബിജുവിന്റെ മകള്‍ക്ക് സാമ്പത്തിക സഹായവും അതോറിറ്റി നല്‍കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായധനം നല്‍കാനും തീരുമാനമായി.

ഇന്‍ഷുറന്‍സ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എന്‍എച്ച്എഐ എന്നിവര്‍ ചേര്‍ന്ന് സംയുക്ത കരാറിലേര്‍പ്പെടും.

ദുരിതബാധിതരായി കണ്ടെത്തിയ 29 വീടുകള്‍ക്കാണ് സഹായം ലഭ്യമാക്കുക. ഇവര്‍ക്കുള്ള വീടും സ്ഥലവും കണ്ടെത്തുന്നതിന് പഞ്ചായത്ത് മേല്‍നോട്ടം വഹിക്കും. നിലവില്‍ ക്യാമ്പിലുളള 25 കുടുംബങ്ങളുടെ വീടുകള്‍ക്ക് അപകടഭീഷണിയില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അവര്‍ക്ക് ക്യാമ്പില്‍ നിന്ന് മടങ്ങാവുന്നതാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കും.

എന്‍എച്ച്, പിഡബ്ല്യുഡി, എല്‍എസ്ജിഡി, ദുരന്തനിവാരണ സേന, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ എന്നിവരുടെ സംഘമാണ് വിദഗ്ധ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശാസ്ത്രീയമായ ആസൂത്രണമില്ലാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സബ് കളക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, വിഎം ആര്യ, എസ്പി സാബു മാത്യു കെ.എം, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, വാര്‍ഡ് അംഗം ടി.എസ്. സിദ്ദിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!