
മൂന്നാര്‍: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലെ കുടുംബങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് പാമ്പാറിന് കുറുകെ പുതിയപാലം നിര്‍മ്മിക്കണമെന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് തേയില കൃഷിക്കായിട്ടായിരുന്നു മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷന്‍ തിരിഞ്ഞെടുത്തത്. ആളുകളെ പാര്‍പ്പിക്കുന്നതിനും യാത്രചെയ്യുന്നതിനുമൊക്കെയായി പാമ്പാറിന് കുറുകെ പാലവും നിര്‍മ്മിച്ചു. എന്നാല്‍ ഇന്ന് ഈ പാലം ശോചനീയാവസ്ഥയിലാണ്.
ഇരുമ്പ് കേഡറില്‍ മരപ്പലക ഉറപ്പിച്ചാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. ഇടക്ക് മരപ്പലകകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്. ഇവിടെ പുതിയ കോണ്‍ക്രീറ്റ് പാലം വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പാലത്തിന്റെ കൈവരികള്‍ സുരക്ഷിതമല്ല. ഇരുമ്പ് കേഡറുകള്‍ തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നു. മരപ്പലകകള്‍ക്ക് ബലക്ഷയമുണ്ടെന്നുമാണ് കുടുംബങ്ങളുടെ വാദം. മൂന്നൂറോളം കുടുംബങ്ങള്‍ ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
പാലത്തിന് കീഴ് ഭാഗത്ത് വലിയ കയമാണ്.താഴേക്ക് പതിച്ചാല്‍ വലിയ അപകടം സംഭവിക്കും. മഴക്കാലത്ത് പുഴയില്‍ കുത്തൊഴുക്കാണ്. മഴക്കാലത്ത് മരപ്പലകയുടെ മകളിലൂടെയുള്ള ആളുകളുടെ യാത്ര ഭയപ്പാടോടെയാണ്. നിവേദനങ്ങള്‍ നിരവധി സമര്‍പ്പിച്ചിട്ടും പുതിയ പാലം യാഥാര്‍ത്ഥ്യമായിട്ടില്ലെന്നാണ് പരാതി. മരപ്പലകകള്‍ ദ്രവിക്കുമ്പോള്‍ മാറ്റി സ്ഥാപിക്കുകയാണ് പതിവ്. പകരം പുതിയ പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യമുയരുന്നു.