ഓണക്കാലമടുത്തിട്ടും ഏത്തക്കാക്ക് വിലയില്ല; പ്രതീക്ഷയറ്റ് ഏത്തവാഴ കര്‍ഷകര്‍

അടിമാലി: ഓണക്കാലമടുത്തിട്ടും ഏത്തക്കാക്ക് വിലയില്ല. കടുത്ത പ്രതിസന്ധിയില്‍ ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. നിലവില്‍ ലഭിക്കുന്നത് നാല്‍പ്പത് രൂപയില്‍ താഴെ. ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ എക്കാലവും ഓണക്കാലത്തോട് അനുബന്ധിച്ച് വിളവെടുക്കാവുന്ന തരത്തിലാണ് ഏത്തവാഴ കൃഷി ഇറക്കുന്നത്. എന്നാല്‍ ഇത്തവണ ഇവരുടെ ഓണക്കാല പ്രതീക്ഷകള്‍ മങ്ങുകയാണ്. വിളവെടുപ്പ് ആരംഭിച്ചിട്ടും വില ഉയര്‍ന്നിട്ടില്ല. നിലവില്‍ ലഭിക്കുന്നത് മുപ്പത്തിയെട്ട് രൂപവരെ മാത്രം.
ഇതില്‍ നിന്ന് മുടക്ക് മുതല്‍പോലും തിരിച്ച് കിട്ടാത്ത അവസ്ഥ. ഇത്തവണത്തെ പ്രതീകൂല കാലാവവസ്ഥയില്‍ ഉല്‍പ്പാദനത്തിലും കുറവുണ്ടായി. ഇതിനൊപ്പം വില ഇടിയുകയും ചെയ്തതോടെ ഒരു കുലവെട്ടി വിറ്റാല്‍ മുന്നൂറ് രൂപപോലും കിട്ടാത്ത അവസ്ഥ. വിത്ത് വയ്ക്കുന്നത് മുതല്‍ കുലവെട്ടുന്നത് വരെയുള്ള പരിപാലന ചിലവ് കണക്ക് കൂട്ടിയാല്‍ വാഴ ഒന്നിന് മൂന്നൂറ്റി അമ്പത് രൂപ മുതല്‍ മുടക്കാണ്.
ശരാശരി അമ്പത്തി അഞ്ച് രൂപയെങ്കിലും വില കിട്ടിയാല്‍ മാത്രമേ വാഴ കൃഷി ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാലവര്‍ഷത്തില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വ്യാപാകമായി ഏത്തവാഴകള്‍ ഒടിഞ്ഞ് വീണ് നശിച്ചിരുന്നു. വേണ്ടരീതിയിലുള്ള സര്‍ക്കാര്‍ സഹായങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൃഷി പരിപാലനത്തിന് ചിലവേറുകയും വില ഇടിയുകയും ചെയ്തതോടെ കര്‍ഷകര്‍ കടബാധ്യതയിലേയ്ക്കും കൂപ്പുകുത്തി.
ബാങ്ക് വായ്പയെടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് പല കര്‍ഷകരും ഏത്തവാഴ കൃഷി ഇറക്കിയിരിക്കുന്നത്. വിലയിടിവില്‍ മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത തവണ കൃഷി തുടരാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.