കൂടല്ലാര്‍കുടിയിൽ നിന്നും ആനക്കുളത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച സാധ്യത പരിശോധിക്കും; എം എല്‍ എ

അടിമാലി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കൂടല്ലാര്‍കുടിയില്‍ നിന്നും എളുപ്പത്തില്‍ പുറംലോകത്തേക്കുള്ള യാത്രക്ക് സഹായിക്കുന്ന മാങ്കുളം ആനക്കുളത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച സാധ്യത പരിശോധിക്കുമെന്ന് അഡ്വ. എ രാജ എം എല്‍ എ.സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പെട്ടിമുടിയില്‍ നിന്നും റോഡിന്റെ നവീകരണം നടക്കുന്നുണ്ട്. ഇതിനൊപ്പമാണിപ്പോള്‍ ഇടമലക്കുടിയുടെ ഭാഗമായ കൂടല്ലാര്‍കുടിയില്‍ നിന്നും എളുപ്പത്തില്‍ പുറംലോകത്തേക്കുള്ള യാത്രക്ക് സഹായിക്കുന്ന മാങ്കുളം ആനക്കുളത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണം കൂടി സാധ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
യാത്രാ ക്ലേശം രൂക്ഷമായ കൂടല്ലാര്‍ കുടിയില്‍ നിന്നും നിലവില്‍ ആനക്കുളത്തേക്ക് കാല്‍നട മാത്രം സാധ്യമാകുന്ന ദുര്‍ഘട പാതയാണുള്ളത്. ഇതു വഴി പനി ബാധിതരെയടക്കം കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ തുണി മഞ്ചല്‍ കെട്ടി ചുമന്ന് പുറം ലോകത്തെത്തിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അഡ്വ. എ രാജ എം എല്‍ എയുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഈ പാത യാത്രാ യോഗ്യമായാല്‍ ഇടമലക്കുടിയുടെ വികസനത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പാതയുടെ വികസനത്തിന് വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.നിലവില്‍ പെട്ടിമുടിയില്‍ നിന്ന് ഇടമലക്കുടിയിലേക്കുള്ള റോഡ് വികസനം നടക്കുന്നുവെങ്കിലും പഞ്ചായത്ത് പരിധിയിലെ വിവിധ ഉന്നതികളിലേക്കുള്ള യാത്രാ മാര്‍ഗ്ഗം ഇപ്പോഴും അതീവ ക്ലേശകരമാണ്.