പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍

അടിമാലി: അടിമാലി പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍. ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിക്കൊമ്പനെ നാടുകടത്തണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അടിമാലി പീച്ചാടിന് സമീപം പ്ലാമലയില്‍ ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ഇന്ദിര എന്ന തൊഴിലാളി സ്ത്രീയെ കാട്ടാന ആക്രമിച്ചത്. ആന ആക്രമിച്ചപ്പോള്‍ പറമ്പിന്റെ താഴ് ഭാഗത്തേക്ക് വീണതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്.
ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാല്‍ നാളുകള്‍ ആയിട്ടും വിഷയത്തില്‍ വനം വകുപ്പ് കൃത്യമായി നടപടി സ്വീകരിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കാട്ടാന വീടിനു മുന്‍പിലും വീടിനോട് ചേര്‍ന്നുള്ള കൃഷിഭൂമിയിലും എല്ലാം എത്തിനില്‍ക്കുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ്. ഇന്ദിരക്ക് പുറമേ ഇതിനോടകം തന്നെ നിരവധി ആളുകളെയും ആന ആക്രമിക്കുന്നതിനായി ഓടിച്ചു.
ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത് എന്ന് രക്ഷപ്പെട്ടവര്‍ ഭീതിയോടെ പറയുന്നു.മേഖലയില്‍ 35 ഓളം വീടുകളിലായി കൊച്ചുകുട്ടികളും മുതിര്‍ന്നവരും അടക്കം താമസിക്കുന്നുണ്ട്. 60ലേറെ അന്യസംസ്ഥാന തൊഴിലാളികളും മേഖലയില്‍ താമസിച്ച് പണിയെടുക്കുന്നവരാണ്. സമാധാനമായി ഇപ്പോള്‍ വീട്ടില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പ്ലാമലയിലെ ജനവാസ മേഖലയില്‍ നാളുകളായി കാട്ടാനകള്‍ കൃഷിനാശം വരുത്തുകയാണ്. ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് ഇതിനോടകം കാട്ടാന നശിപ്പിച്ചത്. കൃഷി വരുമാനമാര്‍ഗമാക്കി മുന്‍പോട്ടു പോയിരുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി.
പേരിനു മാത്രമായാണ് ആര്‍.ടി സംഘത്തെ വനംവകുപ്പ് ഇപ്പോള്‍ ഇവിടെ എത്തിച്ചിരിക്കുന്നത് എന്നും, ആനയെ തുരത്താന്‍ വേണ്ടുന്ന ഒരു നടപടിയും ഇവര്‍ കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്. അതേ സമയം ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിനുമായി വകുപ്പുതലത്തില്‍ ആലോചനകള്‍ നടക്കുകയാണെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും വനംവകുദ്യോഗസ്ഥരും പറയുന്നു.