KeralaLatest NewsLocal newsTravel

ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമായി ഇടുക്കി; ഈ വര്‍ഷമെത്തിയത് ഇരുപത് ലക്ഷത്തോളം സഞ്ചാരികള്‍; വാഗമണ്‍ ഫേവറിറ്റ് സ്പോട്ട്


ഇടുക്കി : സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഈ വര്‍ഷമെത്തിയത് ഇരുപത് ലക്ഷത്തോളം പേരാണ്. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറെ ദിനങ്ങള്‍ അടച്ചിട്ടുവെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ഇതു വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ജൂലൈ വരെയുളള കണക്കുകള്‍ പ്രകാരം 19,42,354 ടൂറിസ്റ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) കീഴിലുള്ള പന്ത്രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023 ലാകട്ടെ 29,22043 ടൂറിസ്റ്റുകള്‍ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന്് ഡിടിപിസിയും ടൂറിസം വകുപ്പ് അധികൃതരും പറയുന്നു. 


ഇടുക്കിയിലേക്ക് എത്തിയ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം വാഗമണ്‍ തന്നെ. വാഗമണ്‍ പുല്‍മേടു മൊട്ടക്കുന്നുകളും (വാഗമണ്‍ മീഡോസ്) കാണാന്‍ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാന്‍ എത്തിയത്. മൊട്ടക്കുന്നുകളും പുല്‍മേടുകളും തേയില തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജാണ് യാത്രികരെ വലിയ തോതില്‍ ഇങ്ങോട്ടേക്കാകര്‍ഷിക്കുന്നത്.

പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ അവസരമുണ്ട്. ഇനി കാടും മേടും പൂക്കളും ആസ്വദിക്കണമെന്നാണെങ്കില്‍ വ്യത്യസ്ത ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും വാഗമണ്ണിലുണ്ട്.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഏറെ സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകള്‍ ഈ വര്‍ഷം ഇവിടെയെത്തി. രാമക്കല്‍മേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും ഇക്കാലയളവില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.

ഈ വര്‍ഷം രാമക്കല്‍മേട്ടിലെത്തിയത് 1,43,480 ടൂറിസ്റ്റുകളാണ്. പാഞ്ചാലിമേട്ടില്‍ എത്തിയത് 1,09,219 സഞ്ചാരികള്‍. ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി നുകരാനെത്തിയവരുടെ എണ്ണം 85375 ആണ്. രാമക്കല്‍മേടിനടുത്തുള്ള ആമപ്പാറയില്‍ 71264 സഞ്ചാരികളും ഇടുക്കി അണക്കെട്ടിന് സമീപത്തെ ഹില്‍വ്യൂ പാര്‍ക്കില്‍ 67,370 ടൂറിസ്റ്റുകളും സന്ദര്‍ശനം നടത്തി. 66159 സഞ്ചാരികള്‍ മാട്ടുപ്പെട്ടിയിലെത്തി. അരുവിക്കുഴി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 15707 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!