
മൂന്നാര്‍: മൂന്നാര്‍ ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്ക് സബ് കളക്ടറുടെ നോട്ടീസ്. ടൗണില്‍ പെരിയവരപാലം മുതല്‍ ചര്‍ച്ചില്‍ പാലം വരെയുള്ള ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 29 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ടാണ് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ജി എ എച്ച് റോഡിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഇറച്ചിക്കടകള്‍, തുണിക്കടകള്‍ തുടങ്ങിയവക്കാണ് സബ് കളക്ടര്‍ വി.എം.ആര്യ നോട്ടിസ് നല്‍കിയത്.
സ്ഥാപനവുമായും കെട്ടിടവുമായും ബന്ധപ്പെട്ട അടിസ്ഥാന രേഖകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവ സെപ്റ്റംബര്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ ആര്‍ഡിഒ ഓഫിസില്‍ നേരിട്ടു ഹാജ രാക്കാനാണു സബ് കളക്ടറുടെ നിര്‍ദേശം. മൂന്നാര്‍ ടൗണിലെ പുറമ്പോക്കിലുള്ള കയ്യേറ്റങ്ങള്‍ തിട്ടപ്പെടുത്തിയതില്‍പെട്ട സ്ഥാപനങ്ങളാണിവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി 2024 ഏപ്രില്‍ 12ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനമുടമകളെ നേരില്‍ കേള്‍ക്കുന്നതിനായി നോട്ടിസ് നല്‍കുന്നതെന്നും നേരിട്ട് ഹാജരാകാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കത്തിലുള്ളത്.