ദേശിയപാത 85ല്‍ നിര്‍മ്മാണ പ്രതിസന്ധി; കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ദേശിയപാത സംരക്ഷണ സമിതി

അടിമാലി: ദേശിയപാത 85ല്‍ നിര്‍മ്മാണ പ്രതിസന്ധിക്കിടവരുത്തിയ കോടതി വിധി മറികടക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത പുലര്‍ത്തുന്നുവെന്ന് ദേശിയപാത സംരക്ഷണ സമിതി. ദേശീയപാത അതോറിറ്റി നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടുത്ത അനാസ്ഥ തുടര്‍ന്നുവെന്നാണ് ആക്ഷേപം.
ദേശിയപാത എണ്‍പത്തഞ്ചുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത വികസന അതോറിട്ടി നിര്‍മ്മാണം നിര്‍ത്തിവച്ചതു വഴി പൊതു ഖജനാവിനു കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും നിര്‍മ്മാണം തുടങ്ങാന്‍ അനുമതി നല്‍കണമെന്നും, 1895 ല്‍ ഈ പ്രദേശം വനമായി വിജ്ഞാപനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡി റിസര്‍വ്വ് ചെയ്തിട്ടുണ്ടെന്നും കോടതിയില്‍ രേഖകള്‍ സഹിതം സമര്‍പ്പിച്ച് നിലപാടറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി എ ജി ഗോപാലകൃഷ്ണകുറുപ്പ് കോടതിയില്‍ നാഷണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുടെ വാദം ശരിയാണെന്നും പ്രദേശം വിജ്ഞാപനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്ന രേഖകള്‍ കോടതി പരിശോധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പ് പറഞ്ഞിട്ടുള്ളത് വനം എന്നാണെന്നും ഒരു വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അത് രേഖകളായി കോടതിയില്‍ സമര്‍പ്പിക്കാത്തത് എന്താണെന്നും കോടതി ആരാഞ്ഞു.
പൊതു താല്പര്യ ഹര്‍ജിയില്‍ ആദ്യം വനം എന്നാണല്ലോ സര്‍ക്കാര്‍ രേഖാമൂലം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്, വ്യത്യസ്തമായി കോടതിയില്‍ വാക്കാല്‍ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും വനം അല്ല എന്നാണെങ്കില്‍ സത്യവാങ്മൂലം രേഖമൂലം സമര്‍പ്പിക്കണമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചതല്ലേയെന്നും നാളിതുവരെയായിട്ടും എന്തുകൊണ്ടാണ് പുതിയ സത്യവാന്മൂലം നല്‍കാന്‍ മടിക്കുന്നതെന്നും കോടതി ചോദിച്ചു.
ഈ കേസില്‍ കോടതി തീരുമാനം എടുക്കേണ്ടത് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുള്ള 14.5 കീലോമീറ്റര്‍ പ്രദേശത്തുമാത്രമാണ്. മറ്റിടങ്ങളില്‍ എന്‍ എച്ച് എ ഐ ക്ക് നിര്‍മ്മാണം തുടരുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി ദേശീയപാത അതോറിറ്റിയെ അറിയിച്ചു. കേസ് സെപ്തംബര്‍ 17ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി വച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി കാത്തിരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന മുറക്ക് കേസില്‍ വിധി പ്രസ്താവിക്കാമെന്നും കോടതി അറിയിച്ചു.
ഈ സാഹചര്യത്തിലാണ് നിര്‍മ്മാണ പ്രതിസന്ധിക്കിടവരുത്തിയ കോടതി വിധി മറികടക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത പുലര്‍ത്തുന്നുവെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനമുണ്ടാകണമെന്നാണ് ദേശിയപാത സംരക്ഷണ സമിതിയുടെ ആവശ്യം.