
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം അറുതിയില്ലാതെ തുടരുകയാണ്.ദിവസേന ജനവാസ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. മൂന്നാര്‍ ടൗണിന് സമീപം കാട്ടാന കൂട്ടം തമ്പടിച്ചിട്ട് ഏതാനും ദിവസങ്ങളായി. കുട്ടിയാന അടങ്ങുന്ന കാട്ടാന കൂട്ടമാണ് ടൗണിന് ഏതാനും ദൂരമകലെയുള്ള പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തായിരുന്നു കാട്ടാന കൂട്ടം പിന്നീട് പഴയ മൂന്നാര്‍ ഭാഗത്തേക്കെത്തി.
രാപകല്‍ വ്യത്യസമില്ലാതെ ആളുകളും വാഹനങ്ങളുമൊക്കെയുള്ള പ്രദേശമാണ് മൂന്നാര്‍ ടൗണ്‍. ആനകള്‍ റോഡിലേക്കോ ടൗണ്‍ ഭാഗത്തേക്കോ എത്തിയാല്‍ അത് അപകടത്തിന് വഴിയൊരുക്കും. മുമ്പ് അപ്രതീക്ഷിതമായി കാട്ടാന കൂട്ടം മൂന്നാര്‍ ടൗണില്‍ ഇറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആളുകളും വാഹനങ്ങളും കാട്ടാന കൂട്ടത്തിന്റെ മുമ്പില്‍പ്പെടാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. ടൗണിന് സമീപം തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തെ പ്രദേശത്തു നിന്നും വനത്തിലേക്ക് തുരത്താന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
മഴക്കാലമായിരുന്നിട്ട് കൂടി കാട്ടാനകള്‍ കാടിറങ്ങി മൂന്നാര്‍ മേഖലയില്‍ ഭീതി പരത്തുന്നതില്‍ തൊഴിലാളി കുടുംബങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. മഴ മാറി വേനല്‍ക്കാലമാരംഭിക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമോയെന്നതാണ് തൊഴിലാളി കുടുംബങ്ങള്‍ക്കിടയിലെ ആശങ്ക.