റവന്യു എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ വീട് യാഥാര്‍ത്ഥ്യമാകാതെ നൂറ്റമ്പതോളം കുടുംബങ്ങള്‍

മൂന്നാര്‍: ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും റവന്യു എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ ചോര്‍ന്നൊലിക്കാത്ത വീടെന്ന സ്വപ്‌നം അന്യമായി തുടരുന്നതിന്റെ നിരാശയിലാണ് നൂറ്റമ്പതോളം കുടുംബങ്ങള്‍. ദേവികുളം ന്യൂ നഗര്‍, ലക്ഷം നഗര്‍, ഇരച്ചില്‍പ്പാറ നഗര്‍, എസ് ബി ഐ നഗര്‍, സാന്‍ഡോസ് നഗര്‍ തുടങ്ങി വിവിധ നഗറുകളില്‍ താമസിക്കുന്ന നൂറ്റമ്പതോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ പേരുണ്ടായിട്ടും റവന്യു എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാതെ കഴിയുന്നത്.
സാന്‍ഡോസ് നഗറില്‍ എണ്‍പതോളം കുടുംബങ്ങളും മറ്റ് നാല് നഗറുകളിലായി എഴുപത്തഞ്ചോളം കുടുംബങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കൂട്ടത്തില്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയമുള്ളവരും ഇല്ലാത്തവരുമുണ്ട്. എല്ലാവരും അവരവരുടെ വീടുകളില്‍ താമസമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. റവന്യു എന്‍ ഒ സി ലഭിക്കുവാന്‍ കുടുംബങ്ങള്‍ ഓഫീസുകള്‍ പലത് കയറി ഇറങ്ങി മടത്തു. റവന്യു എന്‍ ഒ സി ലഭിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉണ്ടെന്നതല്ലാതെ വീട് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് തങ്ങള്‍ക്ക് എത്താനാകുന്നില്ലെന്ന് കുടുംബങ്ങള്‍ നിരാശയോടെ പറയുന്നു.
നാല്‍പ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ചെറിയ വീടുകളിലാണ് കുടുംബങ്ങള്‍ കഴിഞ്ഞ് കൂടുന്നത്. വീടുകള്‍ പലതും മഴയില്‍ ചോര്‍ന്നൊലിക്കുന്നതാണ്.കാലപ്പഴക്കത്താല്‍ ചില വീടുകള്‍ അങ്ങേയറ്റം ബലക്ഷയം വന്ന നിലയിലാണ്. ചെറിയ വീടുകള്‍ക്കുള്ളിലെ സ്ഥല പരിമിതിയും കുടുംബങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പുതിയ വീടിന് അര്‍ഹതയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും റവന്യു എന്‍ ഒ സി എന്ന കടമ്പ കടക്കാനാകാതെ സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ മുടങ്ങി നില്‍ക്കുന്നതിന്റെ നിരാശ കുടുംബങ്ങള്‍ പങ്ക് വയ്ക്കുന്നു. പ്രതിസന്ധി നീക്കി ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.