KeralaLatest NewsLocal news

ഇടുക്കി –കഞ്ഞിക്കുഴി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി: ജില്ലയിൽ ജാഗ്രത…

തൊടുപുഴ : ഇടുക്കി –കഞ്ഞിക്കുഴി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയിൽ ജില്ലാ ഭരണകൂടം. പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഫാമുകളിലാണ് രോഗ ലക്ഷണങ്ങളോടെ പന്നികൾ ചത്തത്. ഇതെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. 10 കിലോ മീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗ ബാധിത മേഖലയിലേക്കോ ഇവിടെനിന്ന് പുറത്തേക്കോ പന്നികൾ, പന്നി മാംസം, തീറ്റ സാധനങ്ങൾ എന്നിവ കൊണ്ടു പോകുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. മറ്റ് പ്രദേശങ്ങളിൽനിന്നു കൊണ്ടുവരുന്നതിനും വിൽപന നടത്തുന്നതിനും നിയന്ത്രണമുണ്ട്.

കഞ്ഞിക്കുഴിക്കു പുറമേ ഉടുമ്പന്നൂർ, വണ്ണപ്പുറം, അടിമാലി പഞ്ചായത്തുകളിലെ ചില വാർഡുകൾ രോഗ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പന്നി ഫാമിൽ ഏതാനും ദിവസം മുൻപ് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതെ തുടർന്ന് ഇവയിൽനിന്നു ശേഖരിച്ച സാംപിളുകൾ ഭോപ്പാലിലെ വൈറോളജി ലാബിൽ അയച്ച് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്നാണ് ആക്‌ഷൻ പ്ലാൻ അനുസരിച്ചുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചത്. സാധാരണ രോഗബാധ സ്ഥിരീകരിച്ചാൽ പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദയാ വധത്തിനു വിധേയമാക്കുകയാണ് പതിവ്. എന്നാൽ രോഗം സ്ഥിരീകരിച്ച പന്നികൾ കൂട്ടത്തോടെ ചത്തതിനാൽ ഇവിടെ ഇത്തരം നടപടി ആവശ്യമില്ലെന്ന് അധികൃതർ പറഞ്ഞു.

ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിനാൽ അന്യ സംസ്ഥാനങ്ങളിൽനിന്നു പന്നി, പന്നിമാംസം എന്നിവ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടർ വാഹന വകുപ്പുകളുടെ സഹകരണത്തോടെ കർശന പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗിനെ നോഡൽ ഓഫിസറായും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ആർ.മിനിയെ വെറ്ററിനറി നോഡൽ ഓഫിസറായും കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് നിയോഗിച്ചു..

കൂടാതെ ജില്ലാ പൊലീസ് മേധാവി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ആർടിഒ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ഫയർ ഓഫിസർ, ഇടുക്കി തഹസിൽദാർ, വില്ലേജ് ഓഫിസർമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരെയും നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തി. രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി പഞ്ചായത്തിൽ ദ്രുത കർമ സേന രൂപീകരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കും. പന്നിപ്പനി മനുഷ്യരിലോ മറ്റു മൃഗങ്ങളിലോ പകരാനുള്ള സാധ്യത കുറവാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!