
വൈദ്യുതി ഇല്ലാത്ത, പടുത കെട്ടി മറച്ച കൊച്ചുകുടിലിൽ രണ്ട് കുട്ടികൾ. നട്ടെല്ലിന് പരിക്കേറ്റ് കിടക്കുന്ന ഗൃഹനാഥൻ. ഭർത്താവിനെയും മക്കളെയും നോക്കേണ്ടതിനാൽ കൂലിപ്പണിക്കുപോലും പോകാൻപറ്റാതെ വീട്ടമ്മ.
വെള്ളിയാമറ്റം പഞ്ചായത്തിലെ കിഴക്കേമേത്തൊട്ടിയിൽ താമസിക്കുന്ന ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥയാണിത്. കരുവാപ്ലായ്ക്കൽ സുധീഷും(38) കുടുംബവുമാണ് ദുരിതജീവിതം നയിക്കുന്നത്. വീട്ടിൽ ശൗചാലയംപോലുമില്ല. മൂന്നുവർഷം മുൻപാണ് കുടുംബം ഇവിടേക്ക് താമസം മാറ്റുന്നത്. അതിനുമുൻപ് കുടുംബവീട്ടിലായിരുന്നു താമസം. കിഴക്കേ മേത്തൊട്ടിയിലെ അഞ്ചുസെന്റ് സ്ഥലത്ത് വീടുകെട്ടി ജീവിതം കരുപ്പിടിപ്പിക്കാമെന്ന് കുടുംബം കരുതി. ഇതിനിടെ, കൊക്കോ പറിക്കാൻ കയറുമ്പോൾ സുധീഷിന് ദേഹാസ്വാസ്ഥ്യമുണ്ടായി. മരത്തിൽനിന്നുവീണ് നട്ടെല്ലിന് പരിക്കേറ്റു. അന്നുമുതൽ ചികിത്സയിലാണ്. ഇപ്പോൾ പിടിച്ചുനടക്കാം. മൂത്രം പോകാൻ ട്യൂബ് ഇട്ടിട്ടുണ്ട്. ചികിത്സ തുടർന്നാലേ ആരോഗ്യം വീണ്ടെടുക്കാനാകൂ.
സുധീഷിനൊപ്പം ഒരാൾ എപ്പോഴും വേണം. അതിനാൽ ഭാര്യ രമ്യയ്ക്ക് ജോലിക്കുപോകാൻ പറ്റുന്നില്ല. ബന്ധുക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്.
മൂത്തമകൻ ഏഴാംക്ലാസിലും ഇളയമകൾ അഞ്ചിലും പഠിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ, ഇവർ വീട്ടിലെത്തിയാൽ മെഴുകുതിരിവെട്ടത്തിലാണ് പഠിക്കുന്നത്. വീടുമാറിയെങ്കിലും ഇവർ റേഷൻ കാർഡ് മാറ്റിയിരുന്നില്ല. എസ്ടി പ്രമോട്ടർ ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും, അറിവില്ലായ്മകാരണം ഇവർ അത് അത്ര കാര്യമാക്കിയില്ല. അതിനാൽ, ഭവനപദ്ധതിക്ക് അപേക്ഷ നൽകാനും പറ്റിയില്ല. അപകടംകൂടി ഉണ്ടായതോടെ, ഇപ്പോഴുള്ള കുടിലിനോടുചേർന്ന് ശൗചാലയം പണിയാൻപോലും കഴിഞ്ഞില്ല. പട്ടികവർഗവകുപ്പിന്റെ എബിസിഡി പദ്ധതിയിൽ (രേഖകളില്ലാത്ത ആദിവാസികൾക്ക് ഇവ നൽകുന്ന പദ്ധതി) അടുത്തനാളിൽ റേഷൻ കാർഡ് നൽകി. അപ്പോഴേക്കും ഭവനപദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു.
ഇതിനിടെ, കുടുംബം തൊഴിൽ കാർഡ് എടുത്തിട്ടില്ലെന്നും, സർക്കാർ അനുവദിച്ചാൽ ഇവരുടെ അപേക്ഷ സ്വീകരിക്കുമെന്നും പഞ്ചായത്ത് പറയുന്നു. കുടുംബത്തിന്റെ അറിവില്ലായ്മകൊണ്ടാണ് റേഷൻ കാർഡ് എടുക്കാൻ താമസിച്ചതെന്നും, പ്രശ്നം പരിഹരിച്ച് ഇവർക്ക് എത്രയും അടച്ചുറപ്പുള്ള വീട് നിർമിച്ചുനൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.