
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്‍റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.വസതിയിലെ പൊതു ദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ഇന്ന് രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, വി എസിന്റെ വിലാപയാത്ര അനന്തപുരി കടക്കാനെടുത്തത് 10 മണിക്കൂര്‍ ആണ്. വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്.
ഇന്നലെ രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. അല്പസമയത്തിന് ശേഷം വിലാപയാത്ര ആലപ്പുഴയിലെത്തും.
സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ സി ലോ ഫ്ലോര്‍ ബസാണ് വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.