Education and careerKeralaLatest NewsLocal news

മൂന്നാര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി കണക്ഷനില്ല; വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

മൂന്നാര്‍: സ്‌കൂള്‍ കെട്ടിടത്തിന് റവന്യു വകുപ്പില്‍ നിന്ന് നിരാക്ഷേപ പത്രം ലഭിക്കാത്തതിനാല്‍ സ്‌കൂളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചെന്ന പരാതിയില്‍ താല്‍ക്കാലിക കണക്ഷനെങ്കിലും നല്‍കി ശുദ്ധജല, വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

മൂന്നാര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് എന്‍ഒസി ലഭിക്കാത്തതിനാല്‍ വൈദ്യുതിയും ശുദ്ധ ജലവും നിലച്ചുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എന്‍ഒസി വാങ്ങാത്ത സാഹചര്യത്തില്‍ കെട്ടിടനിര്‍മാണം ക്രമവല്‍ക്കരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി സംയുക്ത ചര്‍ച്ച നടത്തി ജില്ലാ കലക്ടര്‍ നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ആവശ്യമെങ്കില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ നിര്‍ദേശിക്കണം. സ്വീകരിച്ച നടപടി കളെക്കുറിച്ച് ജില്ലാ കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് കമ്മിഷനില്‍ സമര്‍പ്പിക്കണം. മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജനല്‍ ഡപ്യൂട്ടി ഡയറക്ടറും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ കലക്ടറെ പ്രതിനിധീകരിച്ച് ആര്‍ഡിഒയും പ്രിന്‍സിപ്പലിന്റെ പ്രതിനിധിയും ഒക്ടോബര്‍ 22ന് രാവിലെ 10ന് തൊടുപുഴ റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!