അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎല്‍എ

പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയെന്ന് പി.ജെ ജോസഫ് എം.എല്‍.എ. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയില്‍ എത്തിച്ചത് ശ്രദ്ധേയമാണെന്ന് എം.എല്‍.എ. പറഞ്ഞു. തൊടുപുഴ പീപ്പിള്‍സ് ബസാറില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ദീപക് അധ്യക്ഷത വഹിച്ചു.
സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിര്‍വഹിച്ചു.നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി ആദ്യവില്‍പ്പനനടത്തി. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയില്‍ വിവിധ കിറ്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 18 ഇനങ്ങളുള്ള സമൃദ്ധി കിറ്റ്, 10 ഇനങ്ങളുള്ള മിനി സമൃദ്ധി കിറ്റ്, 9 ഇനങ്ങളുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍.
ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ സഞ്ചരിക്കുന്ന ഓണച്ചന്ത ഉണ്ടായിരിക്കും. 13 ഇന സബ്സിഡി സാധനങ്ങള്‍ക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവശ്യസ്ഥാപനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം.
സപ്ലൈകോ വില്പനശാലകളില്‍ നിന്ന് ആയിരം രൂപയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണനാണയം, രണ്ടാം സമ്മാനം ലാപ്പ്‌ടോപ്പ് രണ്ടുപേര്‍ക്ക്, മൂന്നാം സമ്മാനം സ്മാര്‍ട്ട് ടിവി മൂന്നു പേര്‍ക്ക്, എല്ലാ ജില്ലയിലും നറുക്കെടുപ്പിലെ വിജയിക്ക് സ്മാര്‍ട്ട് ഫോണ്‍ എന്നിവ ലഭിക്കും പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു. കെ. ബാലന്‍, തൊടുപുഴ ഡിപ്പോ മാനേജര്‍ എം .എസ് നീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.